അയാൾ കീശയിൽ കയ്യിട്ടു പണമുണ്ടെന്നു ഉറപ്പാക്കി, ഒരു ഷേക്ക്‌ കൂടി പറഞ്ഞു.

ജ്യൂസ് കുടിക്കാൻ കയറിയ കടയിൽ ഒരച്ഛനും മകനും. അച്ഛൻ, ഒറ്റകാഴ്ചയിൽ ഒരു കൂലിപ്പണിക്കാരൻ ആണ്. മകൻ ഒരു മൂന്നാം ക്ലാസ്സുകാരനും…

ഷാർജ ഷേക്ക്‌ ആണ് അവർ ഓർഡർ ചെയ്തത്. താമസിയാതെ ഒരെണ്ണം വന്നു. നീളമുള്ള, ഭംഗിയുള്ള ഗ്ലാസിൽ ഒരു സ്ട്രോയുണ്ട് ഒരു സ്പൂണും. എന്റെ ജ്യൂസ് വരാനുള്ള താമസത്തിനിടെ ഞാൻ ഇടം കണ്ണിട്ട് നോക്കുന്നത് അവൻ കാണുന്നുണ്ട്. പക്ഷെ അതൊന്നും അച്ഛനോടുള്ള അവന്റെ സംഭാഷണത്തെ മുറിക്കുന്നില്ല. അവൻ സ്പൂൺ കൊണ്ടാണ് കഴിക്കുന്നത്. അഞ്ചാറു സ്പൂൺ കഴിച്ചു. നല്ല ചൂടുള്ള പകൽ. അച്ഛന്റെ നോട്ടം പുറത്തേക്ക് എവിടെയോ ആണ്. അവൻ അച്ഛനെ കയ്യിൽ തട്ടി വിളിച്ചു. അച്ഛൻ തിരിഞ്ഞു നോക്കി. ഗ്ലാസിൽ കുത്തി നിർത്തിയ സ്ട്രോ കാണിച്ചിട്ട് അച്ഛനോട് ഒരു ഭാഗത്തു നിന്ന് കഴിച്ചോളാൻ അവന്റെ സ്നേഹ ആംഗ്യം. അയാൾ വേണ്ടെന്നും…. എന്നിട്ടും അവൻ സ്നേഹത്തോടെ അച്ഛനെ നിർബന്ധിക്കുകയാണ്. “അപ്പൊ നീ മുഴുവൻ കഴിക്കില്ലേ” എന്ന് അച്ഛന്റെ ചോദ്യം എനിക്ക് കേൾക്കാം. “കഴിക്കും” എന്ന് തലയാട്ടികൊണ്ട്, എനിക്ക് അളന്നെടുത്ത് പേരിടാനറിയാത്ത ഏതോ ഒരു വികാരത്തിൽ അവന്റെ മറുപടി…

അയാൾ കുപ്പായത്തിന്റെ കീശയിൽ കയ്യിട്ടു. പണമുണ്ടെന്നു ഉറപ്പാക്കി, ഒരു ഷേക്ക്‌ കൂടി പറഞ്ഞു. അതുവരുന്നത് വരെ അവൻ പതിയെ പതിയെ മാത്രം കഴിച്ചു. പിന്നെ ഒരുമിച്ചു കഴിച്ചു…സ്നേഹം ചാലിച്ച പഴച്ചാറിന്റെ രുചി അവൻ ആദ്യം തീർത്തു. ഇപ്പോൾ അവന്റെ അച്ഛൻ കഴിക്കുന്നു, അവന്റെ വയറു നിറയുന്നു. വെറുതെ എന്റെ കണ്ണും 😘

Leave a Reply

Your email address will not be published. Required fields are marked *