ആകാശക്കസേരയിലേറി ഔലിയിലേക്ക്‌

ജോഷിമഠം”
ഉത്തരാഖണ്ഡിലെ പുണ്യപുരാതനനഗരം.
പലപ്പോഴും അറിയപ്പെടുക കേരളത്തിൽ ജനിച്ച ശ്രീശങ്കരാചാര്യരുടെ പേരിലായിരിക്കും . പുരി, ദ്വാരക, ശ്രിംഗേരി, ബദരി എന്നിങ്ങനെ ഭാരതത്തിന്റെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ, ബദരിയിൽ സ്ഥിതി ചെയ്യുന്ന “ജ്യോതിർമഠം” ആണ് ജോഷിമട് എന്നറിയപ്പെടുന്നത്.

ഇന്ന് ടൂറിസം ഭൂപടത്തിൽ ജോഷിമട് അറിയപ്പെടുക മറ്റൊരു കാരണത്താലും കൂടിയാണ്. ഇവിടെനിന്നും പത്ത് കിലോമീറ്റർ മുകളിലുള്ള “ഔലി” എന്ന സുഖവാസ കേന്ദ്രമാണത്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസി(ITBP)ന്റെ “മൗണ്ടനീറിങ് ആൻഡ് സ്കീയിങ്” പഠന കേന്ദ്രം ഇവിടെയുണ്ട്. 2011 ലെ അദ്യ സൗത്ത് ഏഷ്യൻ വിന്റർ ഗെയിംസിലെ സ്നോ സ്കേറ്റിംഗ് ഇനങ്ങൾക്ക് ഡറാഡൂണിനൊപ്പം വേദിയായപ്പോഴാണ് ഒൗലിയിലേക്ക് ലോകശ്രദ്ധ പതിഞ്ഞത്.

മഞ്ഞുകാലത്ത് 20 അടി വരെ കനത്തിൽ ഐസ് വന്ന് മൂടുമ്പോൾ ലോകമെമ്പാടും നിന്ന് സാഹസികർ സ്കീയിങിനായി ഇവിടേക്ക് ഒഴുകിയെത്തും. ചരിഞ്ഞ് കിടക്കുന്ന വിശാലമായ പുൽമെടുകളും മികച്ച താമസ സൗകര്യങ്ങളും ഇവിടെയുണ്ട്. മഞ്ഞണിഞ്ഞ കൊടുമുടികളുടെ പാശ്ചാത്തലത്തിൽ മധുവിധു നുകരാനെത്തുന്ന യുവമിഥുനങ്ങൾക്കായി കുളിരാർന്ന കാലാവസ്ഥയുമായി ഒൗലി ഒളിച്ചിരിക്കുന്നു.

2017 ലെ ഒക്ടോബർ മാസം ബദരി_ വസുധാര യാത്രക്കിടെയിലാണ് ഒൗലിയേക്കുറിച്ച് കേൾക്കുന്നത്. ഔലിയുടെ മനോഹാരിത ചിത്രങ്ങളിൽ കണ്ടതു മുതൽ മനസ്സിലേക്ക്‌ തണുപ്പിന്റെ സുഖം പെയ്തു തുടങ്ങി. വഴിയരികിലെ നാടൻ ചായകടകളിൽ നിന്നുമാണ് പലപ്പോഴും ഗ്രാമീണതയുടെ നേരറിവുകൾ കിട്ടുക. പഞ്ചകേദാരങ്ങളിൽ ഒന്നായ കൽപേഷ്വർ, പഞ്ചബദരികളിൽ ഉൾപ്പെടുന്ന വൃദ്ധബദരി, ഭവിഷ്യബദരി എന്നിവ ജോഷിമടിന് സമീപസ്ഥങ്ങളാണ്. എങ്കിലും അങ്ങോട്ടൊന്നും പോകാതെ ഒൗലി തിരഞ്ഞെടുത്തത് കേട്ടറിഞ്ഞ അതിന്റെ മനോഹാരിതയൊന്നു നേരിൽ കാണണമെന്ന മോഹം കൊണ്ടു കൂടിയാണ്.

ജോഷിമഠിൽ നിന്നും ഔലീ വരെ പോകാൻ 4 km ദൂരമുള്ള കേബിൾ കാർ സൗകര്യമുണ്ട്. ഏഷ്യയിലെ തന്നെ നീളം കൂടിയ കേബിൾ കാറുകളിൽ ഒന്നാണിത്. നഗരത്തിനുളിൽ തന്നെയാണ് കേബിൾ സ്റ്റേഷൻ. 700 രൂപയാണ് നിരക്ക്. വാഹനം ഉണ്ടായിരുന്നതിനാൽ കേബിൾ കാർ വേണ്ടന്ന് വച്ച് ഞങ്ങൾ റോഡ് മാർഗം മുകളിലേക്ക് തിരിച്ചു. ഗൂഗിൾ നോക്കി സ്ഥലത്തിന്റെ പ്രത്യേകതകൾ ഓരോന്നും പറഞ്ഞ് കൊണ്ടിരിക്കുകയാണ് പ്രവീൺ.

ഓരോ ഹെയർപിൻ വളവുകൾ തിരിയുമ്പോളും നഗരം താഴേക്ക് പോയിക്കൊണ്ടിരുന്നു. ബദരിയിലേക്ക് സാധാരണഗതിയിൽ പോകുമ്പോൾ പിപ്പാൽകോട്ടി എന്ന സ്ഥലത്ത് നിന്നും വിഷ്ണു പ്രയാഗ് വരെയുള്ള യാത്രക്കിടയിൽ പർവ്വത മുകളിലുള്ള ഒരു നഗരം എന്നായിരുന്നു ജോഷിമടിനെപ്പറ്റിയുള്ള ഇത് വരെയുള്ള ധാരണ. ഒൗലിയിൽ എത്തിയപ്പോൾ പൊടുന്നനെ താഴ്‌വരയിലെ ഒരു സ്ഥലമായി അത് മാറി. അത്രയും ഉയരത്തിലാണ് ഒൗലീ. 3050 മീറ്റർ ആണ് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം.

നന്നേ വീതി കുറഞ്ഞ് പൊട്ടിത്തകർന്ന വഴിയിലൂടെ ഗ്രാമപ്രദേശങ്ങളൊരോന്നും താണ്ടിയെത്തിയത് ഒരു നിരപ്പിൽ. വഴി രണ്ടായി തിരിയുന്നൊരു ജംഗ്ഷനിൽ സംശയിച്ച് നിന്നു. വലത്തോട്ട്‌ തിരിഞ്ഞ് മുകളിലേക്കുള്ള വഴിയേ കയറി ചെന്നത് വലിയ റിസോർട്ടും ഓഫീസുകളുമൊക്കെ അടങ്ങുന്ന ഒരു ഗേറ്റിന് മുന്നിലാണ്. ഉള്ളിലെ പാർക്കിങ് ഗ്രൗണ്ടിൽ ഏതാനും കാറുകൾ മാത്രമേ കണ്ടുള്ളൂ. വഴി തെറ്റി എന്ന് തോന്നിയപ്പോൾ തിരിച്ച് വീണ്ടും താഴെ ജംഗ്ഷനിൽ എത്തി.

രണ്ട് ബൈക്കുകളിലായി വന്ന ചെറുപ്പക്കാർ വഴിയരികിലെ മരച്ചുവട്ടിൽ ഇരിക്കുന്നു. തടാകത്തെക്കുറിച്ച് ചോദിച്ചിട്ട് അവർ അങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടു പോലുമില്ല. രണ്ടാമത്തെ വഴിയിലൂടെ മുന്നോട്ട് പോയി നോക്കി. മുന്നിൽ കാണുന്നത് ഔലിയിലെ സൈനിക ക്യാമ്പ് ആണ്. ഗൂഗിൾ മാപ് നോക്കിയപ്പോൾ മുകളിൽ എവിടെയോ ആണ് തടാകം. അങ്ങോട്ടുള്ള റോഡ് കാണിക്കുന്നത് വീണ്ടും പഴയ വഴിയിലൂടെ തന്നെ. ആകെ കൺഫ്യൂഷൻ ആയി. തടാകം വരെയുള്ള വഴിയൊന്നും അതിൽ കാണിക്കുന്നുമില്ല. ഉച്ചകഴിഞ്ഞതിനാൽ നല്ല വിശപ്പും തോന്നിത്തുടങ്ങി. ഒറ്റപ്പെട്ട വീടുകളല്ലാതെ കടകളൊന്നും അവിടെ കണ്ടില്ല.

പട്ടാള ക്യാമ്പിന്റെ ഗേറ്റിന്റെ മുന്നിലെ മൈതാനത്ത് കുറെ നേരം വഴി തേടി നടന്നു. മരക്കമ്പുകൾ ചേർത്ത് കെട്ടിയ വേലിക്കരുകിൽ നിന്നാൽ ദൂരെ നന്ദാദേവി കൊടുമുടി തലയുയർത്തി നിൽക്കുന്നത് കാണാം. ഇന്ത്യയിലെ പർവതങ്ങളിൽ ഉയരം കൊണ്ട് ആദ്യ മൂന്നിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട് നന്ദാദേവി. കൊടുമുടിയുടെ നല്ലൊരു ചിത്രത്തിനായി സുബിനും പ്രവീണും കൂടി താഴ്‌വരയിലേക്കിറങ്ങിപ്പോയി. പ്രകൃതിരമണീയത വീഡിയോയിൽ പകർത്തുന്നതിനായി സുബിൻ ഉത്സാഹത്തോടെ ശ്രമമാരംഭിച്ചു.

കാവൽക്കാർ അവരുടെ കൂടാരത്തിൽ നിന്നും എത്തി നോക്കുന്നുണ്ട്. ഒരു പട്ടാളക്കാരൻ ഞങ്ങളെന്താണ് പറയുന്നതെന്ന് കാതോർക്കുന്ന പോലെ ചുറ്റിനും സംശയദൃഷ്ടിയോടെ നടന്നു. പിന്നെ അടുത്ത് വന്ന് ഒരു ചോദ്യം.
“നീങ്കൾ മലയാളി താനേ…?”
കരസേനയിൽ ഡ്രൈവർ ആയ അദ്ദേഹം തമിഴ്നാട് കളയിക്കവിള സ്വദേശിയാണ്. രണിഖേത് റജിമെന്റിൽ നിന്നും ഇവിടെ സൈന്യത്തിന്റെ തന്നെ ടാങ്കറിൽ കുടിവെള്ളവുമായി വന്നതാണ്. ആളുമായി പെട്ടന്ന് തന്നെ നല്ല ചങ്ങാത്തമായി. രാജേഷ് പോണാടാണെങ്കിൽ അറിയാവുന്ന തമിഴൊക്കെ വച്ച് കാച്ചുന്നുണ്ട്. തടാകത്തിലേക്ക് പോകാൻ കുറെ ദൂരം നടക്കണം. കുറച്ച് മുകളിൽ ചെന്നാൽ ചെയർലിഫ്റ്റ് സൗകര്യം ഉണ്ട്. അധികം നടക്കാതെ എത്താൻ അതാണ് നല്ലത്. അങ്ങോട്ടെക്കുള്ള വഴിയും പറഞ്ഞ് തന്നു. ആദ്യം പോയ വഴിയിലൂടെ തന്നെയാണ് പോകേണ്ടത്.

യാത്ര പറഞ്ഞ് നടക്കുമ്പോൾ അദ്ദേഹം പെട്ടന്ന് തിരിഞ്ഞ് നിന്നു. “നിങ്ങൾ വല്ലതും കഴിച്ചോ…?. എന്റെ കൈയിൽ കുറച്ച് ബിരിയാണി ഉണ്ട്. കൂട്ടുകാർക്ക് വേണ്ടി കൊണ്ടുവന്നതാണ്. അവർ സ്ഥലത്തില്ല. അത് തരാം.”

തന്റെ ട്രക്കിന്റെ ക്യാബിനിൽ നിന്നും എടുത്ത് നീട്ടിയ ഭക്ഷണപ്പൊതി സന്തോഷത്തോടെ വാങ്ങി. വഴിയരികിലെ പുൽമെത്തയിൽ വട്ടത്തിലിരുന്ന ഞങ്ങൾക്കായി ബിജുചേട്ടൻ ബിരിയാണി വീതം വച്ച് തന്നു. ചെറിയൊരു പട്ടാളച്ചിട്ട ജീവിതത്തിൽ പകർത്തുന്ന ബിജുചേട്ടൻ പല കാര്യങ്ങളിലും കൃത്യമായ കാഴ്ചപ്പാട് പുലർത്താറുണ്ട്. ബാഗ് പാക്ക് ചെയ്യുന്നത് മുതൽ ഫോട്ടോ എടുക്കുന്ന കാര്യത്തിൽ പോലും ഒരു പ്രത്യേകത പാലിക്കാറുണ്ട്. ഭക്ഷണകാര്യത്തിലും ആ ചിട്ടക്ക്‌ മാറ്റമൊന്നുമില്ല.

പട്ടാളബിരിയാണിക്ക് എന്തൊരു രുചി. കൈയിലുണ്ടായിരുന്ന ഗ്യാസ് സ്റ്റൗ കേടായി ബദരിനാഥിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ യാത്രയിലെ പാചകം നിലച്ച് പോയിരുന്നു. അച്ചാറും ഡ്രൈ ഫ്രൂട്സും കൂടിയായപ്പോൾ പിന്നെ മറ്റൊരു ഹോട്ടൽ അന്വേഷിക്കേണ്ടി വന്നില്ല.

ഔലീയിലെ ടൂറിസം വികസനത്തിന്റെ മുഴുവൻ ചുമതലയും ഉത്തരാഖണ്ഡ് സർക്കാരിന്റെ കീഴിലുള്ള ഗഡ് വാൾ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് (GMVNL) ആണ് കൈകാര്യം ചെയ്യുന്നത്. ആദ്യം വന്ന വഴിയിലെ ഗേറ്റ് ഇൗ ഓഫീസിന്റേതായിരുന്നു. GMVNL ഓഫീസിന്റെ പരിസരത്ത് നിന്നുമാണ് ചെയർലിഫ്റ്റ്‌ തുടങ്ങുന്നത്. ഒരാൾക്ക് 200 രൂപ. നാല് പേർക്ക് ഇരിക്കാവുന്ന നീളൻകസേരയിൽ കാലു ചവിട്ടാൻ ഒരു കമ്പിയും ചേർത്ത് മുകളിലെ ഇരുമ്പ് വടത്തിൽ തൂക്കിയിട്ടാൽ ചെയർ ലിഫ്റ്റ് ആയി. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഏറെ സൗകര്യപ്രദമാണ് ആകാശത്തിലെ ഈ തുറന്ന കസേര സവാരി. ആളില്ലാതെ മുകളിൽ നിന്നും ഒഴുകിയെത്തിയ ഒരു കസേരയിൽ ചാടിക്കയറി. മുകളിൽ കറങ്ങുന്ന വലിയ ഇരുമ്പുകപ്പിക്ക്‌ ഒന്ന് വട്ടം ചുറ്റി അടുത്ത നിമിഷത്തിൽ ഞങ്ങൾ ആകാശത്തിലേക്ക് ഉയർന്നു.

താഴ്‌വരയിലെ പച്ച പുൽമേടുകളിൽ മേയുന്ന പശുക്കളും, മനോഹരമായ നിർമിച്ച റിസോർട്ടുകളും കണ്ട് കൊണ്ട് പറന്നു നടക്കുന്ന ഫീൽ. ഏതോ കാലത്ത് തകർന്നു പോയ വീടുകളുടെ അവശിഷ്ടങ്ങൾ കുറ്റികാടുകളുടെ ഇടയിൽ പലയിടത്തും മറഞ്ഞ് കിടപ്പുണ്ട്. പല്ല് കൂട്ടിയടിക്കുന്നത്ര ശക്തമായ തണുപ്പും കനത്ത കാറ്റും കൂടി വീശിയതോടെ കൈകൾ മരവിക്കാൻ തുടങ്ങി. മലമുകളിൽ ഉറപ്പിച്ചിരിക്കുന്ന ഓരോ തൂണുകളിലൂടെയും കടന്ന് പോകുമ്പോൾ കസേരയോടൊപ്പം ശരീരത്തിലും ഒരു വിറയൽ. അഞ്ച് മിനിറ്റ് കൊണ്ട് ചെയർ ലിഫ്റ്റ് ഞങ്ങളെ മുകളിലെത്തിച്ചു. കുറച്ച് അപ്പുറത്ത് കൂടി കണ്ണാടി കൂട് പോലുള്ള വലിയ കേബിൾ കാർ പിന്നെയും ഉയരത്തിലേക്ക് പോകുന്നു.

ചെയർ ലിഫ്റ്റ് അവസാനിക്കുന്നിടത്ത് തന്നെയാണ് ഒൗലിയിലെ തെളിനീർ തടാകം. അവിടം വരെയുള്ള നടപ്പാതയുടെ ഒരു വശത്ത് ഇലകളെല്ലാം കൊഴിഞ്ഞ് ചുള്ളിക്കമ്പുകൾ മാത്രമായ വൃക്ഷങ്ങളുടെ ഒരു നിര തന്നെയുണ്ട്. ആദ്യകാഴ്ചയിൽ തന്നെ അവിടം മനസ്സിനെ കീഴടക്കും. ദൂരെ ഗാംഭീര്യത്തോടെ നിൽക്കുന്ന നന്ദാദേവി കൊടുമുടി തന്നെയാണ് പ്രധാന ആകർഷണം. മഞ്ഞ് മൂടിയ അനുചരവൃന്ദവും ചുറ്റിനുമുണ്ട്.

താഴേക്ക് ചരിഞ്ഞ് കിടക്കുന്ന പുൽപ്പരപ്പിൽ ദീർഘ വൃത്താകൃതിയിൽ ഒരു നീലത്തടാകം. ഒറ്റനോട്ടത്തിൽ മലഞ്ചെരുവിൽ വെള്ളം നിറച്ച ഒരു തളിക ഇരിക്കുന്നത് പോലെ തോന്നും. ഇതൊരു ഒരു കൃത്രിമജലാശയമാണ്. മണ്ണിൽ കുഴികുത്തി ടാർപോളിൻ വിരിച്ച് ജലം നിറച്ചതാണ്. 25000000 ലിറ്റർ ശേഷിയുള്ള തടാകം ജലസംഭരണത്തിനാണ് മുഖ്യമായും നിർമിച്ചത്. ഇറ്റലിയിലെ സ്‌നോ സ്റ്റാർ എന്ന കമ്പനിയുടെതാണ് ഡിസൈൻ. അരികുകളിൽ വർണപുഷ്പങ്ങൾ നിറഞ്ഞ ചെടികളും ചാരുബെഞ്ചുകളും തൂക്കുവിളക്കുകളും ഒക്കെ സ്ഥാപിച്ച് മനോഹരമായി സൂക്ഷിച്ചിട്ടുണ്ട്.

പ്രകൃത്യാലുള്ള തടാകം ആയിരുന്നെങ്കിൽ കൂടുതൽ ഭംഗി വന്നേനെയെന്ന് തോന്നി. എങ്കിലും താഴ്‌വരയുടെയും പർവതങ്ങളുടെയും പശ്ചാത്തലത്തിൽ പുൽമേടിന്റെ അറ്റത്തുള്ള നീലജലാശയം ഒരു മനോഹര കാഴ്ച തന്നെയാണ്. ചുറ്റിലും മേഞ്ഞു നടക്കുന്ന പശുക്കളും കുതിരകളും പരിസരത്ത് ഒറ്റക്ക്‌ നിൽക്കുന്ന മരവുമൊക്കെ ചേർന്നപ്പോൾ ഏതോ വിദേശ രാജ്യത്തിന്റെ പ്രതീതിയുണർത്തുന്ന കലണ്ടർ ചിത്രം പോലെ തോന്നി.

കുളക്കരയിലെ ചാരുബെഞ്ചിൽ കിടന്നപ്പോൾ അകലെ നിന്നെത്തിയ കുസൃതിക്കാറ്റ് തണുപ്പ് കൊണ്ട് പുതപ്പിച്ചു. തണുത്ത് വിറച്ച് കൊണ്ട് രാജേഷ് പോണാടും ബിജു ചേട്ടനും അടുത്ത് വന്നിരുന്നു. ദൂരെ നന്ദാദേവിയും നരപർവതവും നോക്കിയിരിക്കുമ്പോൾ ഹിമാലയത്തിന്റെ വശ്യത ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്.

“ഔലി ബുഗ്യാൽ” എന്നറിയപ്പെടുന്ന പ്രസിദ്ധമായ പുൽമേട്, ദൂരെ മലമുകളിൽ കോണിഫറസും ഓക്കും അതിരിടുന്ന കാടിന്റെ അതിർത്തിയോളം ചെന്ന് മൂടൽ മഞ്ഞിൽ അലിഞ്ഞില്ലാതാവുന്നു. അതിനുമപ്പുറം “താലി” തടാകവും ഗോർസൻ ബുഗിയാലും അടങ്ങുന്ന ട്രെക്കിങ്ങ് പാത തേടി സഞ്ചാരികൾ മലകയറുന്നുണ്ട്. മുന്നൂറോളം മനുഷ്യരുടെയും കുതിരകളുടെ അസ്ഥികൂടങ്ങൾ ആഴങ്ങളിൽ ഒളിപ്പിച്ച ദുരൂഹതടാകമായ രൂപ്കുണ്ട്, കുവാരി പാസ് തുടങ്ങി പ്രസിദ്ധമായ പല ട്രെക്കിങ്ങ് റൂട്ടുകളും ഇവിടെയാണ്. എക്കോ ടൂറിസത്തിന്റെ ഭാഗമായി നന്ദാദേവി എന്ന പേരുള്ള മനോഹരമായ ഒരു റിസോർട്ട് താടാകക്കരയിൽ തന്നെയുണ്ട്.

ചെയർ ലിഫ്റ്റ് സ്റ്റേഷന് സമീപമുള്ള ചെറിയ ചായകടയിലെ പ്ലാസ്റ്റിക് കസേരകളിൽ ചടഞ്ഞിരുന്ന് ചായ മൊത്തികുടിക്കുമ്പോൾ കഴുത്തിൽ കുടമണി കെട്ടിയ കുതിരകൾ മേഞ്ഞു കൊണ്ട് അരികിലൂടെ പോയി. 
കടയുടെ മൂലയിൽ ചാരി വച്ചിരിക്കുന്ന സ്‌കീയിങ് ഉപകരണങ്ങൾ പരിശോധിക്കുകയാണ് സുബിനും പ്രവീണും.

മരച്ചുവട്ടിലെ തടിയൻ വേരിന്റെ മുകളിൽ കൈകൾ പിണച്ചുകെട്ടി കാൽമുട്ടിൽ താടി ചേർത്തിരിക്കുന്ന രാജേഷ് പോണാടിനോട് എന്താണ് ആലോചിക്കുന്നതെന്ന് ഞാൻ ചോദിച്ചു. മറുപടി എന്നെ ചിന്തിപ്പിച്ചു. “ഇൗ കാഴ്ചകൾ കണ്ട് തീർക്കാൻ നമുക്ക് എത്ര ജന്മം വേണ്ടിവരും.എത്രയോ യാത്രകൾ ചെയ്തു. എവിടെയെല്ലാം പോയി. ഭൂമി നമുക്കായി ഒളിപ്പിച്ചു വച്ച സുന്ദര കാഴ്ചകളുടെ ചെറിയോരംശം പോലും കാണാതെ എന്തൊക്കെയോ നേടാൻ ഓടി ജീവിതം നമ്മൾ തീർക്കുന്നു”. കാണാനുള്ളതിന്റെ നിരാശയാണോ കണ്ടതിന്റെ തൃപ്തിയാണോ എന്ന് വേർതിരിക്കാനാവാത്ത വികാരം.
കുറെ നേരം ഒന്നും മിണ്ടാതെ ഞങ്ങളിരുന്നു.

ചെയർ ലിഫ്റ്റ് സമയം അവസാനിക്കുന്നു, വേഗം വരിക. ഓപ്പറേറ്റർ വിളിച്ച് പറഞ്ഞു. ഓടി വന്ന് സീറ്റിൽ കയറി. അന്നത്തെ അവസാനയാത്രക്കാരായി ഞങ്ങൾ താഴേക്ക്. മടക്കയാത്രയാണ് കൂടുതൽ ആസ്വാദ്യകരം. താഴേക്ക് ഒഴുകി നീങ്ങുന്ന കസേരയിലിരുന്ന് നോക്കിയപ്പോൾ താഴെ കൂടി എന്തോ തിരഞ്ഞ് കൊണ്ട് ഒരാൾ നടന്ന് മല കയറുന്നു. കക്ഷിയുടെ മൊബൈൽ ഫോൺ ചെയർ ലിഫ്റ്റിൽ നിന്നും വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടയിൽ താഴെ വീണു പോയി. തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയോടെ വീണ്ടും മുകളിലേക്ക് നടക്കുകയാണ്. നഷ്ടമായത് പലതും തേടി നാമോരുരുത്തരും വീണ്ടും വീണ്ടും തിരിഞ്ഞു നടക്കുന്നു. ദുഷ്‌കരപാതയിലൂടെ….

താഴെയെത്തിയപ്പോൾ അതുവരെ ഉറങ്ങിക്കിടന്ന പർവതരാജാക്കൻമാർ എഴുന്നേറ്റ് തലയുയർത്തി നിൽക്കുന്നത് പോലെ തോന്നി. ഒൗലിയിലെ തടാകം കാണാൻ മാത്രമായി പോകുന്നവർക്ക്‌ ചെയർലിഫ്ട് ആവും കൂടുതൽ സൗകര്യപ്രദം.

മടങ്ങുമ്പോൾ വഴിയരികിൽ എവിടെ നിന്നാലും ജ്യോതിർമഠത്തിന്റെ ആകാശകാഴ്ച കിട്ടും. ശങ്കരാചാര്യർ സ്ഥാപിച്ച ജ്യോതിർമഠത്തിലേക്ക്‌ ഒൗലി റൂട്ടിൽ നിന്നു നടന്ന് പോകാവുന്ന ഒരു കുറുക്കു വഴിയുണ്ട്. വാഹനം റോഡ് സൈഡിൽ ഒതുക്കിയിട്ട്‌ വീടുകൾക്ക് ഇടയിലൂടെയുള്ള ചെറിയ ഇടവഴിയിലൂടെ താഴേക്ക് നടന്നു. ആചര്യസ്വാമികൾ തപസ്സ് അനുഷ്ഠിച്ച അമരകൽപ്പവൃക്ഷം തലയെടുപ്പോടെ വഴിയരികിൽ നിൽക്കുന്നു. 
അതിന് താഴെ ഒരു ഗുഹാമുഖം ഉണ്ട്. മരച്ചുവട്ടിൽ ജ്യോതേശ്വർ മഹാദേവന്റെ പ്രതിഷ്ഠയും അണയാത്ത ജ്യോതി എരിയുന്ന ചെറിയൊരു ശ്രീകോവിലുമുണ്ട്.

ആശ്രമകവാടത്തിൽ തന്നെ ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടക്കുന്ന വലിയൊരു പ്രതിമ കാണാം. നിർമ്മാണചാതുരിയുടെ കലാവൈഭവം തീരെയില്ലെങ്കിലും ഒരു നിമിഷം നമ്മൾ ദ്വാപരയുഗസംഭവങ്ങൾ സ്മരിച്ചുപോകും. ബദരീനാരായണ ക്ഷേത്രവും രാജരാജേശ്വരി ക്ഷേത്രവുമാണ് ഇവിടുത്തെ മുഖ്യ ആകർഷണം.

പ്രധാന കവാടത്തിൽ നിന്നും അല്പം അകലെ ചെറിയൊരു കുന്നിൻ മുകളിലാണ് മഠം. ചുവപ്പും മഞ്ഞയും നിറങ്ങൾ തേച്ച ഭിത്തിയും വാതിലുകളും. ഷൂ അഴിച്ച് റാക്കിൽ വച്ച് ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്നെത്തിയത് ചവിട്ടുമ്പോൾ കരകര ശബ്ദമുതിർക്കുന്ന തടികോവണിയുടെ ചുവട്ടിൽ. പടി കയറി മുകളിലെത്തുമ്പോൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗന്ധത്തോടൊപ്പം
നിതാന്തമായൊരു മൗനവും നമ്മെ പൊതിയും.

ആരാധന നടക്കുന്ന മുറികളുടെ ചുറ്റിനും നീളൻ വരാന്തയുണ്ട്. തടി കൊണ്ടാണ് തറ നിർമ്മിച്ചിരിക്കുന്നത്. ഒന്ന് ചുറ്റി വന്നപ്പോൾ അകത്തിരുന്ന സന്യാസി ഉള്ളിൽ കയറി ഇരിക്കാൻ അനുവദിച്ചു. സ്ഫടിക ശിവലിംഗവും സാളഗ്രാമവും ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യരുടെ പാദുകങ്ങളും കാണിച്ച് തന്നു. നേപ്പാളിലെ ഗണ്ടകി നദിയിൽ കാണപ്പെടുന്ന സവിശേഷ രൂപമാര്‍ന്ന ശിലകളാണ് സാളഗ്രാമം. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്താൻ ഉത്തമമാണെന്നാണ്‌ വിശ്വാസം. മുറിക്കുള്ളിൽ ഫോട്ടോ എടുക്കാൻ അനുവാദമില്ല. ശങ്കരാചാര്യർ കേരളത്തിൽ നിന്നും നടന്നെത്തി ഇവിടെ സ്ഥാപിച്ച മഠവും അതിന്റെ പിൽകാല ചരിത്രങ്ങളും വിശദമാക്കികൊണ്ട് സന്യാസി ധ്യാനിച്ചെന്നപോലെ ഇരുന്നു.

ജോഷിമടിലെ മറ്റൊരു പ്രധാന സ്ഥലമാണ് നരസിംഹ മൂർത്തി ക്ഷേത്രം. മഞ്ഞ് കാലത്ത് ആറുമാസക്കാലം ബദരീനാഥ് നട അടച്ചിടുമ്പോൾ പ്രധാന വിഗ്രഹം ഇവിടെയാണ് സൂക്ഷിക്കുന്നതും ആരാധിക്കുന്നതും.

“ഭവിഷ്യ ബദരി”യും “ഭവിഷ്യകേദാരും” ജോഷിമട്‌ നഗരത്തിന് അടുത്താണ്. ഭാവിയിൽ ബദരിനാധിലേക്കും കേദാർനാധിലേക്കുമുള്ള വഴികൾ അടഞ്ഞു പോകുമെന്നും അപ്പൊൾ ബദരീനാഥനെ “ഭവിഷ്യബദരി”യിലും കേദാർനാഥനെ “ഭവിഷ്യകേദാരി”ലും കാണപ്പെടുമെന്നാണ് ഐതീഹ്യം.

ധൗലിഗംഗയുടെ തീരത്ത് ചൂട് നീരുറവ കാണപ്പെടുന്ന “തപോവൻ” എന്ന സ്ഥലം ജോഷിമടിലെത്തുന്ന തീർഥാടകർക്കും സഞ്ചാരികൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. 10 km അകലെയാണത്. താഴ്വരയിലെ വിഷ്ണു പ്രയാഗിൽ ധൗലിഗംഗ അളകനന്ദയുമായി സംഗമിക്കുന്നു.

ജോഷിമടിനോട് വിട പറഞ്ഞ് ഇറങ്ങുമ്പോൾ സൂര്യൻ മലമടക്കുകളിൽ ഒളിച്ചു കഴിഞ്ഞു. ചമോലി, ഗോപേശ്വർ വഴി ചൊപ്തയിലേക്കാണ് ഇന്നത്തെ ലക്ഷ്യം.

ഇനി ചന്ദ്രനെ കാണണം…..
ആകാശഗംഗയെ കാണണം….
അങ്ങ് തുംഗനാധന്റെ സന്നിധിയിലിരുന്ന്…
ചന്ദ്രശിലയുടെ നെറുകയിലിരുന്ന്…

കാണുകയാണ് വീണ്ടും..
കണ്ണ് തുറന്നൊരു സ്വപ്നം…

വാഹനം ചോപ്തയിലേക്ക്‌ നീങ്ങിക്കൊണ്ടേയിരുന്നു…..


വിവരണം.അനീഷ് കൃഷ്ണമംഗലം
ഫോട്ടോ. ബിജു, സുബിൻ, രാജേഷ്, പ്രവീൺ

Leave a Reply

Your email address will not be published. Required fields are marked *