ആലപ്പുഴ കനാലുകളുടെ ശുചീകരണത്തെ കുറിച്ച് ധനകാര്യ-കയര്‍ വകുപ്പ് മന്ത്രിയുടെ അവലോകനം

ആലപ്പുഴ പൈതൃക പദ്ധതിയിലെ ഏറ്റവും കാതലായത് നഗരത്തിന്‍റെ ജീവനാഡികളായ കനാലുകളുടെ ശുചീകരണം ആണ്. കനാലുകളുടെ ശുചീകരണം നഗരത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. ബഹു. ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി
തോമസ് ഐസക്ക് യുടെ അവലോകനം

ആലപ്പുഴ കനാൽ നവീകരണം ഇത്ര സങ്കീർണ്ണമാകുമെന്ന് കരുതിയില്ല. ചില്ലറ ചില മിനുക്കുപണികൾ നടത്തുകയെന്നതല്ല പരിപാടി. വെള്ളം വറ്റിച്ച് ചെളിയും അഴുക്കും നീക്കി കനാലുകളെ പൂർണ്ണമായും പുനരുദ്ധരിച്ച് പഴയ പ്രൗഡി തിരിച്ചുപിടിക്കുന്നതിനുള്ള സമഗ്രപരിപാടിയാണ് ഇപ്പോഴത്തേത്. വെള്ളം വറ്റിച്ച് ചെളി മാറ്റി വൃത്തിയാക്കലാണ് ആദ്യഘട്ടം. ആ പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കരുതിയതിനേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഈ പണി.

കനാലുകളെ വിവിധ ഖണ്ഡങ്ങളായി തിരിച്ച് മടകെട്ടി വെള്ളം വറ്റിക്കലാണ് ആദ്യത്തെ പണി. ഇവിടെ തുടങ്ങുന്നു വെല്ലുവിളികൾ. എത്ര വറ്റിച്ചാലും മറുപുറത്തു നിന്നും വെള്ളം ഊറിയെത്തും. വെള്ളം മാറിയാലല്ലേ ചെളിവാരാൻ കഴിയൂ. വെള്ളം പൂർണ്ണമായും വറ്റി നിൽക്കാൻ തുടർച്ചയായി പമ്പുകൾ പ്രവർത്തിക്കണം എന്നതായി സ്ഥിതി. എന്തായാലും ഇതിന് തീരുമാനമായിട്ടുണ്ട്. വെള്ളം വറ്റുമ്പോൾ കനാലിലെ വശത്തെ ഭിത്തികൾ ഇടിഞ്ഞു പോവുകയാണ്. അത്രയ്ക്ക് ദുർബലമാണ് ഈ കെട്ടുകൾ. മാത്രമല്ല, ഹിറ്റാച്ചിയും ജെസിബിയും മറ്റും കനാലിലേയ്ക്ക് ഇറക്കുമ്പോൾ കൽക്കെട്ടുകൾ പൊളിയും. ഇതും ഒഴിവാക്കാനാവില്ല. എന്തായാലും പ്രധാന കൽക്കെട്ടുകൾ പുതുക്കി പണിയാൻ തീരുമാനിച്ചു. മറ്റു മാർഗ്ഗമില്ല.

കനാലുകളിലെ വെള്ളം വറ്റിക്കഴിഞ്ഞാൽ അടിഞ്ഞു കിടക്കുന്ന ചെളി നീക്കം ചെയ്യണം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ചെളിയുടെ അളവും സ്വഭാവവും വിചാരിച്ചതിനേക്കാൾ ഭയാനകമാണ്. ഏതാണ്ട് 500 മീറ്റർ കനാലിൽ നിന്നും ഇതിനോടകം 500 ലോഡ് ചെളി നീക്കം ചെയ്തുകഴിഞ്ഞു. അപ്പോൾ അടുത്ത പ്രശ്നമായി. എങ്ങോട്ടാണ് ഈ ചെളി കൊണ്ടുപോവുക? വാരുന്ന ചെളി ആദ്യം തോട്ടിൻകരയിൽ എടുക്കുന്ന ട്രഞ്ചുകളിൽ നിറയ്ക്കും. വെള്ളമൊന്ന് വാർന്നുകഴിഞ്ഞാൽ രാത്രി ടോറസ് വണ്ടികളിൽ തൊട്ടടുത്തുള്ള കായലിനു സമീപത്തുള്ള സ്ഥലത്ത് ഉണങ്ങാനായി ഇടും. ഉണങ്ങി കഴിഞ്ഞാൽ ബാർജുകളിൽ കയറ്റി പാടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മിക്കാൻ ഉപയോഗിക്കും. ഇങ്ങനെയാണ് ഇതിന് പരിഹാരം കണ്ടത്.

കനാല്‍ ശുദ്ധീകരണത്തിന് ഏറ്റവും വലിയ തടസ്സമാവുന്നത് അതിനുള്ള യന്ത്രങ്ങള്‍ കനാലിലേക്ക് ഇറക്കുന്നതാണ്. 
വീണുകിടക്കുന്നതും ചാഞ്ഞുകിടിക്കുന്നതുമായ മരങ്ങൾ കനാലിലേയ്ക്ക് യന്ത്രങ്ങൾ ഇറക്കാൻ തടസ്സമാണ്. ഒപ്പം കനാലില്‍ നിന്നുള്ള മാലിന്യങ്ങള്‍ കരയിലേക്ക് എത്തിക്കാന്‍ ഹിറ്റാച്ചിയുടെ നീണ്ട കൈകള്‍ക്ക് സ്വതന്ത്രമായി ചലിക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ട്. ഇവ എന്താണ് ചെയ്യുക? വിശദമായ ചർച്ചകൾക്കുശേഷം ഇങ്ങനെ തടസ്സമായിട്ടുള്ള മരങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു. ഇവയ്ക്ക് പകരമായി വെട്ടുന്നതിന്റെ 10 മടങ്ങ് മരത്തൈകൾ നടും. അയാം ഫോർ ആലപ്പി ക്യാമ്പയിന്റെ ഭാഗമായിട്ടായിരിക്കും ഈ വിപുലമായ വൃക്ഷവൽക്കരണ പരിപാടി നടക്കുക.

ഇങ്ങനെ നിരവധി പ്രതിബന്ധങ്ങൾമൂലം പണി പതുക്കെയാണ് ഇതുവരെ നീങ്ങിയത്. 500 മീറ്റർ കനാലാണ് ഇതുവരെ വൃത്തിയാക്കാൻ കഴിഞ്ഞത്. ആലപ്പുഴയിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്ങ്ങളിലൊന്ന് ഈ തോട്ടിലെ അഴുക്കാണെന്നു പറയാം. വൃത്തിയാക്കിയ ഈ തോട്ടിലേയ്ക്കു വരുന്ന പല ഉപതോടുകളും ബണ്ട് കെട്ടി തടഞ്ഞു നിർത്തിയിരിക്കുകയാണ്. ഇവയും വൃത്തിയാക്കിയില്ലെങ്കിൽ എന്താണ് കാര്യം? പ്രധാന കനാലുകൾ വീണ്ടും അഴുക്കാകും. അവയും വൃത്തിയാക്കിയേ തീരൂ. അക്കാര്യത്തിലും തീരുമാനമെടുത്തു.

എന്തായാലും പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യമായ തീരുമാനങ്ങൾ ഉണ്ടായതുകൊണ്ട് ഏപ്രിൽ, മെയ് മാസങ്ങളിൽ പണി തകൃതിയായി മുന്നേറും. ഒരു കാര്യം ഉറപ്പ്. ആലപ്പുഴ പഴയ കനാൽപ്രൗഡി വീണ്ടെടുക്കുക തന്നെ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *