ഇഷ്ക് വെറും ഒരു പ്രണയകഥയല്ല, റിവ്യൂ വായിക്കാം

ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്‌ക്. കുമ്പളങ്ങി നെറ്റിസിന് ശേഷം ഷൈൻ നിഗത്തിന്റെ മറ്റൊരു നല്ല പെർഫോമൻസ് ഈ സിനിമയിലൂടെ കാണാൻ സാധിക്കും. പ്രണയത്തിന്റെ വൈകാരിതക്കപ്പുറം പലതിനെയും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

ishq-movie

ഇഷ്‌ക് – “ഒരു പ്രണയകഥയല്ല” എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ തുടങ്ങുന്നത്. അതെ ഇഷ്ക് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ പ്രണയം മാത്രമുള്ള സിനിമയല്ല ഇത്. ഇതിൽ പ്രണയമുണ്ട്, പ്രതിഷേധമുണ്ട്, എത്ര പുരോഗമിച്ചാലും മാറാത്ത ചില “മാറാ രോഗങ്ങളെ ” വ്യക്തമായി അടയാളപ്പെടുത്തുന്നു കൂടിയുണ്ട് ചിത്രം.

സച്ചി എന്ന സച്ചിദാനന്ദന്റെ ജീവിതത്തിലെ ചില ദിവസങ്ങളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സച്ചിയുടേയും, വിദ്യാര്‍ഥിനിയായ വസുധയുടേയും പ്രണയവും പിന്നീടുള്ള ഒരു യാത്രക്കിടെ നടക്കുന്ന ഒരിക്കലും മറക്കാനാകാത്ത സംഭവങ്ങളിൽ നിന്നുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് ചിത്രത്തില്‍ സച്ചിയും വസുധയുമാകുന്നത്.

കുമ്പളങ്ങിയിലെ ബോബിയിൽ നിന്ന് സച്ചിയിലേക്കുള്ള ഷെയിനിന്റെ മാറ്റം എടുത്തു പറയേണ്ടതാണ്. നായികയായ ആൻ ശീതൾ വസു എന്ന തന്റെ കഥാപാത്രത്തെ മികച്ചതാക്കി. എസ്രയ്ക്ക് ശേഷമാണ് ആന്‍ ശീതള്‍ മറ്റൊരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.

ishq Malayalam movie Poster

സിനിമയുടെ പേരും, ട്രെയിലറും, കാരക്ടർ പോസ്റ്ററുകളും കണ്ടിട്ട് ആലോചിച്ചു കൂട്ടിയ ചിന്തകളെ എല്ലാം തകര്‍ക്കുന്നതായിരുന്നു ചിത്രം. പുള്ളിക്കാരൻ സ്റ്റാറാ എന്ന ആദ്യ ചിത്രത്തിനു ശേഷം രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാന രംഗത്ത് പുതുമുഖമാണെന്ന് തോന്നിക്കാതെ വിധം മനോഹരമായ ചിത്രമൊരുക്കാൻ അനുരാജ് മനോഹറിനു സാധിച്ചു. സംവിധായകനും എഴുത്തുകാരനും നമ്മളിൽ ഉയർത്തുന്ന ചോദ്യങ്ങൾ തന്നെയാണ് ഈ സിനിമയുടെ ബ്രില്യൻസ്. ഇ 4 എന്റര്‍ടെയ്ന്‍മെന്‍സാണ് ഇഷ്‌കിന്റെ നിര്‍മാണം. ജെയ്ക്‌സ് ബിജോയിയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും, രാത്രിക്കാഴ്ചകളെ മനോഹരമായി കയ്യടക്കത്തോടെ കാമറയിൽ പകർത്തിയ ഛായാഗ്രഹണവും സിനിമയുടെ മൂഡ് കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *